2010, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

chettuwa manappuram.......

വടക്ക് ചേറ്റുവ മുതല്‍ തെക്ക് കൊടുങ്ങല്ലൂര്‍ വരെ അറബിക്കടലും കനോലികനാലും അതിരുകളിട്ട് സംരക്ഷിക്കുന്ന പ്രദേശം ചേറ്റുവ മണപ്പുറം എന്നറിയപ്പെടുന്നു. മണപ്പുറത്തിന്റെ ചരിത്രം പടയോട്ടങ്ങളുടേയും രാഷ്ട്രീയ ഉപജാപങ്ങളുടേയും ചരിത്രമാണ്. ഡച്ചുകാരും ഫ്രഞ്ചുകാരും പോര്‍ച്ചുഗീസുകാരും ഇംഗ്ളീഷുകാരും മലബാറിലെ തന്ത്രപ്രധാനമായ ഈ പ്രദേശത്തെ മാറിമാറി കൈക്കലാക്കി. ഡച്ചുകാരെ തോല്പ്പിച്ച് മൈസൂര്‍ സുല്‍ത്താന്‍മാരായ ഹൈദറും ടിപ്പുവും ഇവിടെ ഭരണം നടത്തിയിട്ടുണ്ട്. മണപ്പുറത്തിന്റെ ചരിത്ര വീഥികളിലൂടെ എത്രയെത്ര മഹാന്‍മാര്‍ കടന്നുപോയി! പഴയ മലബാര്‍ ജില്ലയില്‍ പൊന്നാനി താലൂക്കിലുള്ള ഈ സ്ഥലം കേരളത്തിലെ ഏറ്റവും അവികസിതമായ പ്രദേശമായിരുന്നു. കൊടുങ്ങല്ലൂര്‍ ആസ്ഥാനമായുള്ള മലബാര്‍ ജില്ലയിലെ ഈ പ്രദേശം എത്രയോ വികസന പ്രക്രിയകള്‍ക്ക് സാക്ഷ്യം വഹിച്ചു. സമത്വത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടിയുള്ള ധീരമായ പോരാട്ടങ്ങളില്‍ മണപ്പുറത്തിന്റെ ശുക്രനക്ഷത്രമായി ഉദിച്ചുയര്‍ന്ന സര്‍ദാര്‍, വി. എസ്. കേരളീയന്‍ വേലുക്കുട്ടി മാസ്റ്ര്‍, കൌമുദിയമ്മ തുടങ്ങി നിരവധി മഹത്വ്യക്തികള്‍. മണപ്പുറത്തിന്റെ ഓരോ മണല്‍ത്തരിക്കും ചരിത്രമുണ്ട്, മണപ്പുറത്തിന്റെ ഭൂതവര്‍ത്തമാനങ്ങളിലൂടെയുള്ള ഒരന്വേഷണമാണ് ഇനി.

ചേറ്റുവ

ഭൂമിശാസ്ത്രപരമായി ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിന്റെ വടക്കെ അറ്റത്തുള്ള ഉപദ്വീപായ ചേറ്റുവ ചരിത്രപ്രധാനമായ സ്ഥലമാകുന്നു. ടിപ്പുവിന്റെ പടയോട്ടത്തിന് മുമ്പ് ഇവിടെ ഉണ്ടായിരുന്നത് ആല - ചേറ്റുവ റോഡ് മാത്രമായിരുന്നു. ടിപ്പുവിന്റെ പടയോട്ടത്തോടെ മേല്‍പ്പറഞ്ഞ റോഡിന് ഇരുവശത്തും സമാന്തരമായി രണ്ട് പ്രധാന റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടു. അത് കിഴക്കെ ടിപ്പു സുല്‍ത്താന്‍ റോഡ് എന്നും പടിഞ്ഞാറെ ടിപ്പു സുല്‍ത്താന്‍ റോഡ് എന്നും അറിയപ്പെടുന്നു.

സാമൂതിരിയുടേയും ടിപ്പുവിന്റേയും ബ്രിട്ടീഷു കാരുടേയും ഭരണകാലത്ത് പോര്‍ട്ടുഗല്‍, ഹോളണ്ട്, ശ്രീലങ്ക, ഇന്ത്യോനേഷ്യ, ഇംഗ്ളണ്ട് , വെനീസ്, സ്പെയിന്‍ എന്നീ രാജ്യങ്ങളുമായി ചേറ്റുവയ്്ക്ക് വാണിജ്യ ബന്ധമുണ്ടായിരുന്നു. വില്യം ഫോര്‍ട്ട് മലബാറിലെ ഏറ്റവും പ്രബലമായ കോട്ടയെന്ന് വിഖ്യാതമായ വില്യം ഫോര്‍ട്ട് ആക്രമണങ്ങള്‍ക്ക് വിധേയമായി സംരക്ഷി ക്കാനാളില്ലാത്ത അവസ്ഥയില്‍ തകര്‍ന്നു കാടുപിടിച്ചു കിടക്കുന്നു. 1714 ലാണ് ഡച്ചുകാര്‍ കോട്ട കെട്ടാന്‍ തുടങ്ങിയത്. കോട്ട കീഴടക്കിയ ടിപ്പുവിന്റെ സൈന്യാധിപന്‍ സര്‍ദാര്‍ഖാന്‍ ഡച്ചുകാര്‍ നിധി കുഴിച്ചിട്ടുണ്ട് എന്ന വിശ്വാസത്തില്‍ കോട്ടയുടെ പല ഭാഗങ്ങളും തകര്‍ത്തു. പിന്നീട് ആരും കോട്ട പുതുക്കിപ്പണിതില്ല. 5 ഏക്ര വിസ്തീര്‍ണ്ണവും, 12 അടി വീതിയുള്ള മതിലുകള്‍ തന്ത്രപ്രധാനമായ ഉള്ളറകള്‍ എന്നിവ ഈ കോട്ടയുടെ സവിശേഷതകളായിരുന്നു. ബ്രിട്ടീഷ് ആധിപത്യം വര്‍ദ്ധിക്കുകയും കൊച്ചിയും കോഴിക്കോടും അവരുടെ അധീനതയില്‍ വന്നുചേരുകയും ചെയ്തതോടെ ചേറ്റുവയുടെ ശനിദശ ആരംഭിച്ചു. അഴിമുഖത്തെ മണല്‍ തിട്ടകള്‍ നീക്കാനുള്ള സംവിധാനം ഇല്ലാതാകുകയും കപ്പലുകള്‍ അടുക്കാന്‍ സാധിക്കാതെ ചരക്കിറക്ക് വ്യാപാരം നിലക്കുകയും ചെയ്തതോടെ വാണിജ്യപരമായും രാഷ്ട്രീയപരമായും ഈ പ്രദേശം വിസ്മരിക്കപ്പെടുകയും ച്െയതു.

ബംഗ്ളാവ് കടവ് ബ്രിട്ടീഷ് ഭരണകാലത്തും, ടിപ്പുവിന്റേയും സാമൂതിരിയുടേയും കാലത്തുമെല്ലാം വിദേശികള്‍ കപ്പലിറങ്ങിയിരുന്നത് ബംഗ്ളാവ് കടവിലായിരുന്നു. ഇന്നിവിടെ ഫിഷ് ലാന്റിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിന്റെ സേവനം പൂര്‍ണ്ണതോതില്‍ പ്രയോജനപ്പെട്ടുതുടങ്ങിയിട്ടില്ല. അഴിമുഖത്തുള്ള മണല്‍തിട്ടകള്‍ ഇവിടെ അടുക്കുന്ന ബോട്ടുകള്‍ക്ക് ഭീഷണിയാണ്. ആദ്യത്തെ മലയാള നിഘണ്ടുവിന്റെ രചയിതാവായ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് താമസിച്ചിട്ടുള്ള ടൂറിസ്റ്റ് ബംഗ്ളാവ് ഒരു ചരിത്രസ്മാരകമായി ചേറ്റുവ പാലത്തിന് സമീപം നിലകൊള്ളുന്നു.

ചേറ്റുവ പാലം മണപ്പുറത്തിന്റെ വികസനചരിത്രത്തിലെ നാഴികകല്ലാണ് ചേറ്റുവ പാലം. ചേറ്റുവ കോട്ടപ്പുറം പാലം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ വി. എസ്സ്. കേരളീയന്‍ നടത്തിയിട്ടുള്ള ശ്രമങ്ങള്‍ സ്മരണീയമാണ്. 1982 ജൂലൈ 16-ാം തിയ്യതി അന്നത്തെ ഉപമുഖ്യമന്ത്രിയായിരുന്ന ശ്രീ. സി. എച്ച്. മുഹമ്മദ് കോയ തറക്കല്ലിട്ട പാലത്തിന്റെ നിര്‍മ്മാണം 1986 സെപ്തംബര്‍ 14-ാം തിയ്യതി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. കെ. കരുണാകരന്‍ ഗതാഗതത്തിനായി തുറന്നു കൊടുത്തതോടെ കേരളത്തിന്റെ രണ്ടറ്റത്തേക്കും ഗതാഗത സൌകര്യമുണ്ടാകുകയും മണപ്പുറത്തിന്റെ വികസനചരിത്രത്തിലെ ഒരു പുത്തന്‍ ചുവടുവെപ്പുമായി അത്.

ഏങ്ങണ്ടിയൂര്‍

ചേറ്റുവ മണപ്പുറത്തിന്റെ സാംസ്കരിക ചരിത്രത്തിന്റെ മുഖ്യധാര ഏങ്ങണ്ടിയൂര്‍ ആയിരുന്നു. സാംസ്കാരിക രംഗത്തും വിദ്യാഭ്യാസരംഗത്തും പരിവര്‍ത്തനോന്മുഖമായ പദ്ധതികള്‍ തുടങ്ങിവെച്ച വേലുക്കുട്ടി മാസ്റര്‍, ഇച്ചാക്കന്‍ മാസ്റ്ര്‍ തുടങ്ങിയവര്‍ വയോജന വിദ്യഭ്യാസം, കുടിപള്ളിക്കൂടങ്ങള്‍, സി. കൃഷ്ണവിലാസം ഗ്രന്ഥശാല എന്നിവയ്ക്ക്് തുടക്കമിട്ടു. സാമൂഹ്യ സേവനരംഗത്തും ഗ്രാമീണ പത്രപ്രവര്‍ത്തനരംഗത്തും വി. എസ്. കേരളീയന്‍ വിപ്ളവകരമായ പരിവര്‍ത്തനങ്ങള്‍ കൊണ്ട്വന്നു. ചലച്ചിത്രരംഗത്ത് രാമു കാര്യാട്ട് വിശ്വവിഖ്യാത സംവിധായകരുടെ നിരയിലേക്ക് ഉയര്‍ന്നുവന്നു. എസ്. പി. കടവില്‍ സ്വാതന്ത്രസമരരംഗത്ത് സജീവപങ്കാളിയായി. 1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുക്കുകയും അറസ്റ് ചെയ്യപ്പെടുകയും ചെയ്തു.

വി. എസ്സ്. കേരളീയന്‍

മണപ്പുറത്തിന്റെ ചരിത്രം വി. എസ്സ്. കേരളീയനില്ലാതെ അപൂര്‍ണ്ണമാണ്. കൊടിയ ദാരിദ്രത്തിലും സാമൂഹിക അവഗണനയിലും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളി നീക്കപ്പെടുന്നവര്‍ക്ക് വേണ്ടി അദ്ദേഹം ശബ്ദിച്ചു.

1911 ഫെബ്രുവരി 11-ാം തിയ്യതി വട്ടപ്പറമ്പില്‍ ശങ്കുവിന്റേയും ചാണാശ്ശേരി കാളിയുടേയും മകനായി അദ്ദേഹം ജനിച്ചു. പിന്നോക്കാവസ്ഥയിലുള്ള മണപ്പുറത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഭരണകേന്ദ്രങ്ങള്‍ക്കുമേല്‍ അദ്ദേഹം സമ്മര്‍ദ്ദം ചെലുത്തി, ചേറ്റുവ, കൊടുങ്ങല്ലൂര്‍ പാലങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ അക്ഷീണം യത്നിച്ചു. കേരളീയന്‍ ആദ്യം തുടങ്ങിയ പത്രം 1935ല്‍ ശ്രീലങ്കയില്‍ നിന്ന് പ്രസിദ്ധീകരിച്ച വീരകേരളമായിരുന്നു. 1942ല്‍ കോഴിക്കോട് നിന്ന് കേരളം എന്ന പ്രസിദ്ധീകരണമാരംഭിച്ചു. 1949ല്‍ ലാണ് മണപ്പുറം ടൈംസ് വാരിക ആരംഭിക്കുന്നത്. മണപ്പുറത്തിന്റെ നീറുന്ന പ്രശ്നങ്ങള്‍ ഭരണാധികാരികള്‍ക്കുമേല്‍ അവതരിപ്പിക്കാനും യുവാക്കളില്‍ സ്വതന്ത്രേഛ ഉയര്‍ത്താനും പത്രത്തിലൂടെ ശ്രമിച്ചു. കേരള കൌമുദി പത്രത്തിന്റെ മലബാര്‍ ലേഖകന്‍, നവലോകം പത്രത്തിന്റെ പത്രാധിപസമിതിയംഗം എന്ന നിലകളില്‍ പ്രവര്‍ത്തിച്ചു. അനാഥശിശുക്കള്‍ക്കു വേണ്ടിയുള്ള നായനാര്‍ ബാലിക സദനത്തിന്റെ മുഖ്യ സംഘാടകനായിരുന്നു. കോണ്‍ഗ്രസ്സുകാരനായി രാഷ്ട്രീയ ജീവിതം തുടങ്ങി. പിന്നീട് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബി നോടൊപ്പം ഫോര്‍വേഡ് ബ്ളോക്കില്‍ പ്രവര്‍ത്തിച്ചു. 1938 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചിട്ടുണ്ട്. 1990 ല്‍ മരണം.

രാമു കാര്യാട്ട്

മലയാള സിനിമയെ ലോകപ്രശസ്തിയിലേക്കുയര്‍ത്തിയ മണപ്പുറത്തിന്റെ സംവിധായകനായ ശ്രീ. രാമു കാര്യാട്ട് 1926ല്‍ കാര്യാട്ട് കുഞ്ഞച്ചന്റെയും കാര്‍ത്യായനിയുടേയും മകനായി ജനിച്ചു. നീലക്കുയില്‍, മലങ്കാറ്റ്, അമ്മുവിന്റെ ആട്ടിന്‍ കുട്ടി, നെല്ല്, ചെമ്മീന്‍ തുടങ്ങിയ പ്രശസ്ത ചലചിത്ര കാവ്യങ്ങള്‍ സംവിധാനം ചെയ്തു. തകഴിയുടെ നോവലിനെ ആസ്പദമാക്കി സംവിധാനം ചെയ്ത ചെമ്മീന്‍ ഏറ്റവും നല്ല ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സ്വര്‍ണ്ണകമലം നേടുകയുണ്ടായി. അസംബ്ളിയിലേക്ക് മാര്‍ക്ക്സിസ്റ്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തൃശ്ശൂരില്‍ ചലചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിച്ചിരിക്കുന്ന തിയ്യറ്റര്‍ സമുച്ചയത്തിന് ചേറ്റുവയുടെ മഹാനായ ഈ ചലചിത്രകാരന്റെ പേരാണ് നല്‍കിയിരിക്കുന്നത്. 1975 ല്‍ മരിച്ചു. നാട്ടുകാരും ആരാധകരും ചേര്‍ന്ന് അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി രാമു കാര്യാട്ട് ലൈബ്രറി സ്ഥാപിച്ചു.

( കടപ്പാട്:മലയാളം വാര്‍ത്തകള്‍.കോം,വാടാനപ്പള്ളി സൌഹ്ര് ദ വേദി....)www.malayalamvarthakal.com