2010, ഏപ്രിൽ 13, ചൊവ്വാഴ്ച

ചേറ്റുവ നേര്‍ച്ചയ്ക്കിടയില്‍ സംഘര്‍ഷം; കാഴ്ച വരവുകള്‍ അലങ്കോലപ്പെട്ടു. രണ്ട് പോലീസുകാര്‍ക്ക് പരിക്ക്

Posted on: 13 Apr 2010






വാടാനപ്പള്ളി: ചേറ്റുവ ചന്ദനക്കുടം നേര്‍ച്ചയ്ക്കിടയില്‍ സംഘര്‍ഷം. കാഴ്ചവരവ് സംഘത്തിന് നേരെ പോലീസ് ലാത്തിച്ചാര്‍ജ്. സംഘര്‍ഷത്തിനിടയില്‍ എ.എസ്.ഐ. അടക്കം രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു. പോലീസിനെ ആക്രമിച്ചതിന് കണ്ടാലറിയുന്ന 50 പേര്‍ക്കെതിരെ വാടാനപ്പള്ളി പോലീസ് കേസെടുത്തു. ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ചന്ദനക്കുടം നേര്‍ച്ച അലങ്കോലപ്പെട്ടത്. രാത്രി 12.30 ഓടെ മേമന്‍സ് ക്ലബിന്റെ കാഴ്ച പള്ളിയില്‍ കയറി. പിന്നീട് കയറേണ്ട എഫ്.എ.സി, മഹാത്മാ ക്ലബുകളുടെ കാഴ്ചകള്‍ റോഡില്‍ തന്നെ നില്‍ക്കുകയായിരുന്നു. ഒന്നരയോടെ വാടാനപ്പള്ളി എസ്.ഐ.യും സംഘവും കാഴ്ചയ്ക്കിടയിലേക്ക് ഓടിയെത്തി ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നുവത്രെ. കാഴ്ചസംഘങ്ങള്‍ ഇതോടെ ചിതറിയോടി. മേളക്കാരുടെ ചെണ്ട പോലീസ് ചവിട്ടിപ്പൊട്ടിച്ചതായും ആക്ഷേപമുണ്ട്. ചിതറിയോടിയവര്‍ സംഘടിച്ച് പോലീസിനെതിരെ തിരിഞ്ഞു. പോലീസിനെ ഇവര്‍ വളഞ്ഞുവെയ്ക്കുകയും ചെയ്തു.

കാട്ടൂര്‍ എ.എസ്.ഐ. കുട്ടന്‍, തൃശ്ശൂര്‍ എ.ആര്‍. ക്യാമ്പിലെ പോലീസുകാരന്‍ ക്രിസ്തുരാജ് എന്നിവര്‍ക്ക് ഇതിനിടയില്‍ മര്‍ദ്ദനമേറ്റു. സംഘര്‍ഷം മൂര്‍ച്ഛിക്കുമെന്ന് തോന്നിയെങ്കിലും ഏങ്ങണ്ടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. ഹാരിസ്ബാബു, ഡി.സി.സി. അംഗം ഇര്‍ഷാദ് കെ. ചേറ്റുവ, ചന്ദനക്കുടം ആഘോഷക്കമ്മിറ്റി പ്രസിഡന്റ് എസ്.എ. നവാസ്, സെക്രട്ടറി വി.എച്ച്. ഷാഹുല്‍ എന്നിവര്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.

ചന്ദനക്കുടം നേര്‍ച്ചാഘോഷത്തില്‍ പോലീസ് അനാവശ്യമായി ലാത്തി വീശുകയായിരുന്നുവെന്ന് ചന്ദനക്കുടം ആഘോഷക്കമ്മിറ്റി പ്രസിഡന്റ് എസ്.എ. നവാസ്, സെക്രട്ടറി വി.എച്ച്. ഷാഹുല്‍ എന്നിവര്‍ കുറ്റപ്പെടുത്തി. പോലീസുകാരടക്കമുള്ളവര്‍ക്ക് പരിക്കേല്‍ക്കാനും വഴിവാണിഭക്കാരുടെ സാധന സാമഗ്രികള്‍ നഷ്ടപ്പെടാനും ഇത് കാരണമായി. വാദ്യമേള ഉപകരണങ്ങള്‍ തകര്‍ക്കപ്പെട്ടു. ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും ഭാരവാഹികള്‍ പറഞ്ഞു. നേര്‍ച്ചാഘോഷം അലങ്കോലപ്പെടുത്തിയ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

എന്നാല്‍, നേര്‍ച്ചാഘോഷത്തിനിടയില്‍ കുഴപ്പമുണ്ടാക്കിയവരെ പിടികൂടാന്‍ പോലീസ് ഓടിയെത്തിയത് കാഴ്ചസംഘം തെറ്റിദ്ധരിച്ചതാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്ന് വലപ്പാട് സിഐ സി.ആര്‍. സേവ്യര്‍ പറഞ്ഞു. ഒരു മണിക്ക് മുമ്പ് മുഴുവന്‍ കാഴ്ചകളും പള്ളിയില്‍ കയറണമെന്ന് ചര്‍ച്ചയിലുണ്ടായ തീരുമാനം പാലിക്കപ്പെട്ടില്ലെന്നും സി.ഐ. പറഞ്ഞു. പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയില്ലെന്നും കൊട്ട് നിര്‍ത്താന്‍ ആവശ്യപ്പെടുകയാണ് ചെയ്തതെന്നും സി.ഐ. പറഞ്ഞു.